ഉപ്പുതറ: ചെറുനാരങ്ങയെ അങ്ങിനെ ചുമ്മാ ചെറുതായി കാണാനാകില്ല. വിലയിൽ ഇവൻ എമണ്ടനാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചെറുനാരങ്ങായ്ക്ക് വിപണിയിൽ തീവിലയാണ്. ഒരു കിലോ ചെറുനാരങ്ങ കിട്ടണമെങ്കിൽ 320 രൂപ നൽകണം. 120 മുതൽ 150 രൂപ വരെയാണ് മുന്പ് ഈ സമയങ്ങളിൽ നാരങ്ങയുടെ വില ഉയരാറുണ്ടായിരുന്നത്. ഓണത്തിന് ചെറുനാരങ്ങ വിപണിയിൽ എത്തിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു കച്ചവടക്കാർ. ഇത്രയും ഏറെ വില കൊടുത്ത് ചെറുനാരങ്ങാ വാങ്ങാൻ ആളുണ്ടാകില്ലായിരുന്നു.
320 രൂപയാണ് ഇപ്പോൾ ഒരു കിലോ ചെറുനാരങ്ങയുടെ വില. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് ചെറുനാരങ്ങ കേരളത്തിലെത്തുന്നത്. ഓണം കഴിഞ്ഞതിനു ശേഷമാണ് ചെറുനാരങ്ങയുടെ വില വർധിച്ചത്. തമിഴ്നാട്ടിലും കർണാടകയിലും കൃഷിയിടങ്ങളിൽ ചെറുനാരങ്ങയുടെ ലഭ്യത കുറഞ്ഞതാണ് ഒരുകാലത്തും ഇല്ലാത്ത തരത്തിൽ വിലവർധനവിന് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.